Translate

Thursday 20 February 2014

'ജനാധിപത്യപോലീസിന്റെ കര്‍ത്തവ്യമെന്ത്..?' 2014 മാര്‍ച്ച് 1 മുതല്‍ 20 വരെ; പട്ടികവിഭാഗക്കാര്‍ക്കും സാധാരണക്കാര്‍ക്കും നേരെയുള്ള പോലീസിന്റെ നീതി നിഷേധത്തിന് എതിരെ ജനസമ്പര്‍ക്ക പരിപാടി.

ജനാധിപത്യ വിശ്വാസികളെ,
നമ്മള്‍ക്ക് നിര്‍ഭയം നീതിതേടി പോലീസ് സ്‌റ്റേഷനില്‍ ഇന്ന് ചെല്ലാന്‍ പറ്റാത്ത അവസ്ഥയാണ്. ഇത് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സാധാരണക്കാരും പട്ടികവിഭാഗജനതയുമാണ്. രാഷ്ട്രീയ അധികാരത്തിന്റെ പിന്‍ബലമോ സാമ്പത്തിക ഭദ്രതയോ ഇല്ലാത്തവര്‍ക്ക് നീതി ലഭിക്കുന്നതിനു പകരം കൊടിയ പീഢനമാണ് മിക്കപോലീസ് സ്‌റ്റേഷനുകളിലും അനുഭവിക്കേണ്ടിവരുന്നത്. ഈ ഭയമാണ് മിക്കരാഷ്ട്രീയപാര്‍ട്ടികളുടേയും കാല്‍ക്കീഴില്‍ ജീവിക്കാന്‍ ഇവരൈ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഈ ജനതയെ ചൂഷണം ചെയ്യുകയും ക്രിമിനല്‍ വല്‍ക്കരിക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടാണ്  കേരളത്തിലെ 25,000 ത്തിനു പുറത്ത് കോളനികളില്‍ തളച്ചിരിക്കുന്ന പട്ടികജാതി-വര്‍ഗ്ഗക്കാരെ കുറ്റവാളികളായി പൊതുസമൂഹം നോക്കികാണുന്നത്. കോളനികളില്‍ വസിക്കുന്ന ഈ ജനതയ്ക്ക് തൊഴില്‍ സുരക്ഷിതത്വമില്ല. വിദ്യാഭ്യാസ പുരോഗതിയില്ല. മറ്റുജനതയ്ക്കു തുല്ല്യമായ ജീവിതസാഹചര്യങ്ങളില്ല ഈ നിസ്സഹായ അവസ്ഥയെ ചൂഷണം ചെയ്യുകയാണ് രാഷ്ട്രീയപ്രസ്ഥാനങ്ങളും നിയമപാലകരായ പോലീസുകാരും. നമ്മുടെ രാജ്യം 1950മുതല്‍ സാമൂഹ്യ ജനാധിപത്യനിയമസംവിധാനത്തിലൂടെ എല്ലാ ജനതയ്ക്കും തുല്ല്യമായി ജീവിക്കാന്‍ സര്‍വ്വ അവകാശങ്ങളും നല്‍കുന്ന നാടാണ്. മുന്‍കാലത്ത് ഓരോ ജാതിയ്ക്കും ഓരോ മാന്യത കല്‍പ്പിച്ചിരുന്ന ജാതിവ്യവസ്ഥയുടെ നാടായിരുന്നു. അക്കാരണത്താല്‍ സര്‍വ്വ മനുഷ്യാവകാശങ്ങളും നിഷേധിക്കപെട്ട ജനതയായി കഴിഞ്ഞവരാണ് ദലിത് ജനതയുടെ മുന്‍മുറക്കാര്‍. അതിന് അവസാനം വരുത്താനാണ് പല പല പരിരക്ഷകളും ഈ ജനതയ്ക്ക് ഭരണഘടന ഉറപ്പുനല്‍കുന്നത്. ജാതിവ്യവസ്ഥയുടെ കണ്ണിലൂടെ ഈ ജനതയെ മറ്റുള്ളവര്‍ നോക്കികാണാതിരിക്കാന്‍ 'ജാതീയപീഢന നിരോധനനിയമം' വരെ നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. അത് കാലാകാലങ്ങളില്‍ പരിഷ്‌കരിച്ച് ശിക്ഷാവിധിയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നുമുണ്ട്. എന്നാല്‍ ഇത് നടപ്പിലാക്കേണ്ട നിയമപാലകര്‍ ജനാധിപത്യത്തിന്റെ പുറംചട്ടയണിഞ്ഞ് ജാതിമേധാവിത്വത്തിന്റെ നീതിയാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്.  അതുകൊണ്ടാണ് തെളിയിക്കപെടാതെ കെട്ടികിടക്കുന്ന കേസുകള്‍ വ്യാപകമായി ഈ നിസ്സഹായ സമൂഹത്തിന്റെ തലയില്‍ കെട്ടിവെയ്ക്കുന്നത്. ഈ ജനതയുടെ പുറത്ത് എന്തുചെയ്താലും ആരും ചോദിക്കില്ലായെന്ന വിശ്വാസമാണ് നീതിപാലകര്‍ക്ക് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ ധൈര്യം ലഭിക്കുന്നത്. സ്റ്റേഷനില്‍ വരുന്ന വാദിയുടേയും പ്രതിയുടേയും ജാതി പരോക്ഷമായി തിരിച്ചറിഞ്ഞ് കേസിന്റെ സ്വഭാവത്തെ കാഠിന്യമാക്കുകയും ലഘൂകരിക്കുകയും ചെയ്യുന്ന പോലീസിന്റെ പൊതുരീതി ഇന്നും തുടരുകയാണ്. അതുകൊണ്ടാണ് പരാതിയുമായി ചെല്ലുന്ന പട്ടികവിഭാഗക്കാര്‍ക്ക് രസീത് നല്‍ക്കാതിരിക്കുക, പരാതി വലിച്ചുകീറി വാദിയെ ആട്ടിയോടിക്കുക എന്നീപ്രവര്‍ത്തനങ്ങള്‍ നിയമപാലകരില്‍ നിന്നും അനുഭവിക്കേണ്ടിവരുന്നത്. പൗരസ്വാതന്ത്ര്യമോ സാമൂഹ്യസമത്വമോ ഇന്നുവരെയും നേടിയെടുക്കാന്‍ കഴിയാത്ത ഈ ജനതയ്ക്ക് നീതിയ്ക്കുവേണ്ടി കുത്തകരാഷ്ട്രീയപാര്‍ട്ടികളെ ആശ്രയിക്കേണ്ടിവരുന്നത് ജനാധിപത്യ വ്യവസ്ഥയില്‍ സത്യസന്ധമായി പോലീസ് നിയമപാലനം നടത്താത്തതുകൊണ്ട് മാത്രമാണ്. സാമൂഹ്യജനാധിപത്യം വന്നിട്ട് ആറുപതിറ്റാണ്ടു കഴിഞ്ഞിട്ടും പോലീസ് വിഭാഗം ജനാധിപത്യത്തിന്റെ വേട്ടക്കാരായി ഈ സാംസ്‌ക്കാരിക കേരളത്തില്‍ തുടരുകയാണ്.എന്നാല്‍ മാറിമാറി ഭരണംനടത്തുന്നവര്‍ ഈ ജനതയുടെ നീതി ഉറപ്പാക്കുന്നതിനു വേണ്ടി ഓരോ ഭരണത്തിലും വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും ഇന്നേവരെ യഥാര്‍ത്ഥഫലം കാണാന്‍ കഴിഞ്ഞിട്ടില്ല. ഓരോ പോലീസ് സര്‍ക്കിളിലും പട്ടികവിഭാഗക്കാരെ ഉള്‍പെടുത്തിയുള്ള മോണിറ്ററിംഗ് കമ്മിറ്റി, ഈ ജനതയുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള അദാലത്തുകള്‍ തുടങ്ങിയ കലാപരിപാടികള്‍ നടത്തി സര്‍ക്കാര്‍ഫണ്ട് മുടിക്കുന്നതല്ലാതെ ഈ ജനതയുടെ ജീവിതസുരക്ഷ ഇന്നും അകലെയാണ്. നിര്‍ധനരും നിസ്സഹായരുമായ ഈ ജനതയെ ഇരകളാക്കി ആസ്വദിക്കുന്ന പോലീസിന്റെ വിനോദം ആരെയും ലജ്ജിപ്പിക്കുന്നതാണ്. 'ജനാധിപത്യവ്യവസ്ഥിതിയില്‍ പോലീസിന്റെ കടമയെന്തെന്ന്' പൊതുജനത്തിന്റെ അറിവില്ലായ്മയാണ് പോലീസിനെ ഇത്തരത്തില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ പ്രേരിപ്പിക്കുന്നത്. മനുഷ്യാവകാശകമ്മിഷന്‍ പോലും പോലീസിന്റെ പ്രവര്‍ത്തനം ആശങ്കാജനകമായിട്ടാണ് ഇന്ന് വിലയിരുത്തിയിട്ടുള്ളത്. അതുകൊണ്ടാണ് പ്രതികളായി പിടിക്കപെട്ടവര്‍ പോലീസ്‌സ്‌റ്റേഷനില്‍ സുരക്ഷിതരാണ് എന്ന് ഉറപ്പുവരുത്തുന്നതിന് നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കണമെന്ന് അഭിപ്രായപെട്ടത്. ഇന്നത്തെ നമ്മുടെ ലോകം പരിഷ്‌കൃതസമൂഹത്തിന്റെയാണ്. എന്നാല്‍ ജനാധിപത്യം സംരക്ഷിക്കേണ്ട നിയമപാലകരായ പോലീസ് മാത്രം പ്രാകൃത വിഭാഗമായി മാറുന്നത് ഒരു ജനാധിപത്യരാജ്യത്തിലെ പ്രവര്‍ത്തനത്തിന്റെ പരാജയാമാണ്. ''ഇവിടെ സമ്പത്തില്ലാത്തവര്‍ക്കും രാഷ്ട്രീയ പിന്‍ബലമില്ലാത്തവര്‍ക്കും നീതിതേടി പോലീസ് സ്‌റ്റേഷനില്‍ പോകാനുള്ള ഒരവസ്ഥ ഉണ്ടാകണം''. എന്നാല്‍ പോലീസിന്റെ പ്രാകൃത നടപടി കാരണം കുടുംബം തകരുന്നവരും ജീവിതം തകരുന്നവരും വീണ്ടും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുമെന്ന ആധിയില്‍ കഴിയുന്നവരും ഇന്നും ഒട്ടനവധിയാണ്. അത്തരം മേഖലകളില്‍ ജനസമ്പര്‍ക്കപരിപാടിയിലൂടെ നീതിനിഷേധിച്ചവരെ കണ്ടെത്തി സ്ഥിതിവിവരക്കണക്ക് ശേഖരിക്കുകയാണ് ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ്(DHRM). അങ്ങനെ ശേഖരിക്കുന്ന പഠനറിപ്പോര്‍ട്ട് ബന്ധപെട്ടകേന്ദ്രങ്ങളില്‍ സമര്‍പ്പിക്കുകയും പട്ടികവിഭാഗമേഖലകളില്‍ സാമൂഹ്യവിദ്യാഭ്യാസവും നിയമപഠനക്ലാസുകളും നല്‍കി പഞ്ചായത്തുതലത്തില്‍ ജാഗ്രതാ സമിതികള്‍ ജനാധിപത്യ വിശ്വാസികളുടെ പിന്തുണയോടുകൂടി രൂപീകരിക്കുകയാണ്. ഇതിലൂടെ സ്വസ്ഥവും സുരക്ഷിതവുമായ നിയമപാലനവും ജനാധിപത്യസംരക്ഷണവും ഏറെക്കുറേ സാധിച്ചെടുക്കാന്‍ നമ്മള്‍ക്ക് കഴിയും. അതിന്റെ ഭാഗമായി മാര്‍ച്ച് 1മുതല്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ഏല്ലാജനാധിപത്യവിശ്വാസികളുടേയും പങ്കാളിത്തവും മാര്‍ച്ച് 22ന് പഞ്ചായത്തുതലത്തില്‍ രൂപീകരിക്കുന്ന ജാഗ്രതാ സമിതിയുടെ പ്രഖ്യാപനസമ്മേളനത്തെയും വമ്പിച്ചവിജയമാക്കാന്‍ ഓരോ മനുഷ്യസ്‌നേഹികളോടും അഭ്യര്‍ത്ഥിക്കുന്നു.
  
കറുത്തവിപ്ലവ അഭിവാദനങ്ങളോടെ
വി.വി.സെല്‍വരാജ്
(പ്രോഗ്രാം കണ്‍വീനര്‍)


No comments:

Post a Comment