Translate

Thursday 18 August 2011

യജമാനന്‍ അയ്യന്‍കാളിയുടെ 148-ാമത് ജന്മദിനവാര്‍ഷിക ദിനാഘോഷം. ആഗസ്റ്റ് 28 വരമൊഴി മഹോത്സവം.അറിവിന്റെ അക്ഷരലോകത്തേക്ക് ഇന്ത്യന്‍ജനത 'നമോ തത് ചിനതമ്' കുറിക്കുന്നു.

ജനാധിപത്യ വിശ്വാസികളെ..................... മനുഷ്യരെ വസ്ത്രമുടുക്കാനോ, പൊതുവഴിയില്‍ സഞ്ചരിക്കാനോ, ദാഹനീര് കുടിക്കാനോ അനുവദിക്കാത്ത നിയമരീതിയായിരുന്നു കഴിഞ്ഞനൂറ്റാണ്ടുവരെ നമ്മുടെ രാജ്യത്ത്. ഇത്തരത്തില്‍ ഇന്ത്യാക്കാരെ കീഴ്ജാതിക്കാരാക്കിയും, അയിത്തക്കാരാക്കിയും അടിമകളുമാക്കി എല്ലാ മനുഷ്യാവകാശങ്ങളും നിരോധിച്ചിരുന്നത് വിദേശികളായ ആര്യന്‍മാരായിരുന്നു. അവരാണ് ഈ രാജ്യത്ത് ജാതിവ്യവസ്ഥ സൃഷ്ടിച്ചത്. അത്തരത്തില്‍ ജാതിസംസ്‌കാരത്തില്‍ സാമൂഹ്യ അധികാരം ബ്രാഹ്മണര്‍ക്കും രാഷ്ട്രീയ അധികാരം ക്ഷത്രിയര്‍ക്കും എന്ന ഭരണരീതിയാണ് ഇവിടെ ആര്യന്‍മാര്‍ പിന്‍തുടര്‍ന്നിരുന്നത്. ലോകസമൂഹമായി കഴിവും കാര്യശേഷിയും പ്രകടിപ്പിക്കാനോ, പൊരുത്തപ്പെടാനോ പ്രാപ്തിയില്ലാത്തവരായിരുന്നു ആര്യന്‍മാര്‍. അതുകൊണ്ടാണ് തദ്ദേശവാസികളായ ഇന്ത്യാക്കാര്‍ക്ക് അധികാരവും ഭൂമിയും സമ്പത്തും വിദ്യാഭ്യാസവും നിയമംമൂലം ആര്യന്‍മാര്‍ക്ക് നിരോധിക്കേണ്ട ഗതികേട് വന്നുചേര്‍ന്നത്. ഈ നിരോധനങ്ങളെ എല്ലാം ലംഘിച്ചും, ചോദ്യം ചെയ്തുമാണ് യജമാനന്‍ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലാദ്യമായി മനുഷ്യാവകാശ സമരങ്ങള്‍ നടന്നത്. ജാതിഭരണക്കാര്‍ക്കെതിരെ യജമാനന്‍ നടത്തിയ നിരവധി കലാപങ്ങളില്‍ ചാലിയാര്‍ തെരുവ് കലാപവും, വില്ലുവണ്ടി സമരവും, അക്ഷരസമരവും, മാറുമറയ്ക്കല്‍ കലാപവും മനുഷ്യ-സ്വാതന്ത്ര്യസമരങ്ങളുടെ ചരിത്രത്തില്‍ ഇന്നും ജ്വലിച്ച് നില്‍ക്കുന്നു. 'സ്വാതന്ത്ര്യം അനുഭവിക്കുമ്പോള്‍ മാത്രമേ നാം സ്വതന്ത്രര്‍ എന്ന് കരുതാവൂ' എന്ന ബുദ്ധദര്‍ശനമാണ് 1863 ആഗസ്റ്റ് 28-ന് വെങ്ങാനൂരില്‍ പിറന്ന യജമാനന്‍ അയ്യന്‍കാളിയുടെ ജീവിതാന്ത്യം വരെയുള്ള കലാപങ്ങളില്‍ നമുക്ക് കാണുവാന്‍ കഴിയുന്നത്. ഇന്ന് നമ്മുടെ രാജ്യം സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന അടിസ്ഥാനതത്വത്തിലെ ഭരണക്രമത്തിലാണ്. ഈ ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ച് വീണ്ടും ജാതിവ്യവസ്ഥ സ്ഥാപിക്കാന്‍ ജാതിവാദികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമയമാണിത്. അതിന് ഉദാഹരണമാണ് ഉടുതുണി അഴിച്ചുമാറ്റി, മാറിനുവരെ നികുതി ചുമത്തിയ പഴയഭ്രാന്തന്‍ ജാതിരാജാക്കന്‍മാരെ പ്രജാസ്‌നേഹികളാണെന്ന് പ്രകീര്‍ത്തിക്കുന്നത്. ഇതില്‍ നിന്നും ജാതിവാദികള്‍ ജനാധിപത്യ വ്യവസ്ഥയെ എന്തുമാത്രം വെറുക്കുന്നൂവെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. ഈ ഘട്ടത്തിലാണ് യജമാനന്‍ അയ്യന്‍കാളിയുടെ 148-ാമത് ജന്മവാര്‍ഷികദിനം കടന്നുപോകുന്നത്. ആ മഹാദിനം ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് (DHRM) വരമൊഴി മഹോത്സവമായി കൊണ്ടാടുകയാണ്. നളന്ദയും, തക്ഷശിലയും, കാന്തള്ളൂരും തുടങ്ങിയ ലോകോത്തര സര്‍വ്വകലാശാലകള്‍ ഒരു കാലത്ത് ലോകജനത്തിന് അറിവ് പകര്‍ന്ന നാവായിരുന്നു. അക്കാലത്ത് അറിവിനെ വന്ദിക്കുക എന്ന 'നമോ തത് ചിനതമ്' ആയിരുന്നു അക്ഷരലോകത്ത് കടക്കുന്ന ഇന്ത്യാക്കാരുടെ ആദ്യവരമൊഴി. ആ വാക്യമെഴുതി പുത്തന്‍തലമുറ 2011 ആഗസ്റ്റ് 28 വൈകുന്നേരം 4.30-ന് അറിവിന്റെ ലോകത്തേയ്ക്ക് കടക്കുന്നു. തദവസരത്തില്‍ പ്രമുഖ ചരിത്രകാരന്‍ ദലിത്ബന്ധു എന്‍.കെ ജോസിന്റെ 124-ാം ചരിത്രപുസ്തകം 'ബുദ്ധധമ്മം കേരളത്തില്‍' പ്രകാശനം ചെയ്യുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വരമൊഴി മഹോത്സവത്തിലും യജമാനന്‍ അയ്യന്‍കാളിയുടെ പിറവിദിനാഘോഷത്തിലും രാവുത്സവത്തലും പങ്കെടുക്കുന്നതിനായി എല്ലാ ജനാധിപത്യിശ്വാസികളെയും തിരുവനന്തപുരം, വര്‍ക്കല, ചെറുന്നിയൂര്‍ വെന്നിക്കോട് മിനിസറ്റേഡിയത്തിലേയ്ക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു.